വെളുക്കാന്‍ ഗുളിക; തൂങ്ങിക്കിടക്കുന്ന ശരീരം മുറുക്കിയെടുക്കാന്‍ ടൈറ്റനിങ്; ചിരിക്കാന്‍ സ്‌മൈല്‍ കറക്ഷന്‍; നടിമാര്‍ സൗന്ദര്യം നിലനിര്‍ത്തുന്നത് ഇങ്ങനെ

മുഖകാന്തിക്കും ശരീരവടിവിനും വേണ്ടി നിരവധിപ്പേര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താറുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിനിമാ താരങ്ങളാണ്. സിനിമാ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ശരീരത്തിലെ ഓരോ അവയവങ്ങളെയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കുന്നു. മൂക്ക്, ചുണ്ട്, നിറം എന്നിവയാണ് സിനിമാ താരങ്ങളുടെ കറക്ഷന്‍ മേഖല.

ദക്ഷിണേന്ത്യയില്‍നിന്നും ബോളിവുഡില്‍ എത്തിയപ്പോള്‍ ശ്രീദേവി നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു, ദ്രാവിഡ ലക്ഷണങ്ങളോടു കൂടിയ മുഖം. ഇതില്‍നിന്നു മാറാന്‍ വേണ്ടിയാണു ശ്രീദേവി ആദ്യമായി പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയയായത്. മൂക്കിന്റെ രൂപം മാറ്റാനായിരുന്നു പ്ലാസ്റ്റിക് സര്‍ജറി. ഇതുതന്നെയാണ് ഇപ്പോഴും ഫെയ്‌സ് കറക്ഷന്റെ അടിസ്ഥാന തത്വം. വിദേശികളുടേതു പോലുള്ള ഓവല്‍ ഷെയ്പ് ആണ് സ്ത്രീമുഖത്തിന്റെ മാതൃകാരൂപം എന്നാണു പൊതുധാരണ.

‘മുഖശ്രീ’ ക്കു കുത്തിവെയ്പ്

മുഖത്തിന്റെ ഓവല്‍ ഷെയ്പ് നിലനിര്‍ത്താന്‍ താടിയുടെ മസിലുകളില്‍ ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ ചേക്കേറിയ നമ്മുടെ നടിമാര്‍ പലരും ഇത്തരം ചികില്‍സകള്‍ക്കു വിധേയരായാണ് മറുനാട്ടില്‍ സ്റ്റാര്‍ വാല്യു കണ്ടെത്തിയത്.

ചുണ്ടുകളുടെ ആകൃതി, തുടിപ്പ് എന്നിവയും പ്രധാനമാണ്. ഫുള്ളര്‍ ലിപ്‌സ് ആക്കുക എന്നാണിതിന് പറയുക. കീഴ്ചുണ്ടിന്റെ തുടിപ്പ് ഫില്ലര്‍ ഇന്‍ജെക്ഷന്‍ ഉപയോഗിച്ച് വര്‍ധിപ്പിക്കും. അനുഷ്‌ക ശര്‍മയൊക്കെ ചെയ്തതു പോലെ ചുണ്ടുകളുടെ ആകൃതി മാറ്റുന്ന ശസ്ത്രക്രിയ ചെയ്യുന്നവരും കുറവല്ല. വട്ടച്ചുണ്ടുകള്‍ ഒഴിവാക്കി ലിപ്‌ലൈനിനു നീളം കൂട്ടിയവരും മലയാളത്തില്‍നിന്നു മറുനാട്ടിലേക്കു ചേക്കേറിയവര്‍ക്ക് ഇടയിലുണ്ട്.

ചിരിക്കാനും കറക്ഷന്‍

സ്‌മൈല്‍ കറക്ഷനാണ് അധികം പേരും സാധാരണയായി ചെയ്യുന്ന ഒരു കാര്യം. മോണ കാണുന്ന രീതിയില്‍ ചിരിക്കുന്ന ‘ഗമ്മി സ്‌മൈല്‍’ ഒഴിവാക്കുന്നു. കജോലിനെപ്പോലെ ഗമ്മി സ്‌മൈല്‍ മുഖമുദ്രയാക്കിയവര്‍ ഇന്ത്യന്‍ സിനിമയില്‍ വെന്നിക്കൊടി പാറിച്ചപ്പോഴും മോണ കാട്ടിച്ചിരിക്ക് മാര്‍ക്കറ്റുണ്ടായില്ല. ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍ വഴി കോസ്മറ്റോളജിസ്റ്റുകളും മോണയുടെയും പല്ലിന്റെയും ആകൃതി മാറ്റുക വഴി ഡെന്റിസ്റ്റുകളും സ്‌മൈല്‍ കറക്ഷന്‍ നടത്താറുണ്ട്. പല്ലുകളുടെ അലൈന്‍മെന്റും സ്‌പേസിങ്ങും തിരുത്തുക, ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുമ്പോള്‍ മേല്‍നിരപ്പല്ലുകളുടെ പൊന്തലും താഴ്‌നിരയുമായുള്ള അകലവും കൃത്യമാക്കുക എന്നിവയും സ്‌മൈല്‍ കറക്ഷനില്‍പ്പെടും.

പുരികം വില്ലുപോലെ

പുരികം വിടവുകളില്ലാതെ കൃത്യമായ ഷെയ്പില്‍ നിലനിര്‍ത്തുന്നതിനുള്ള സ്ഥിരം രീതികളുണ്ട്. വില്ലു പോലെ വളഞ്ഞ പുരികമാണ് സുന്ദരികള്‍ക്ക് വേണ്ടത് എന്ന സങ്കല്‍പമാണ് കൂടുതല്‍പേരും പിന്തുടരുന്നത്. കണ്ണുകളുടെ ഭംഗി ഹൈലൈറ്റ് ചെയ്യാന്‍ മേക്കപ്പിനാകുമെങ്കിലും കണ്‍തടങ്ങളിലെ വീക്കവും കറുപ്പും ഒഴിവാക്കാന്‍ കോസ്മറ്റോളജിസ്റ്റ് തന്നെ ശരണം. കണ്‍പോളകള്‍ക്ക് വീതി കൂടിയ പ്രതീതി ഉണ്ടാക്കാനും ഇവര്‍ക്ക് കഴിയും.

വെളുക്കാന്‍ ഗുളിക

കണ്ണില്‍ക്കണ്ട ക്രീമൊക്കെ വാരിത്തേച്ച് വെളുക്കാന്‍ ശ്രമിക്കുന്നത് സാധാരണക്കാരുടെ മാത്രം തന്ത്രം . താരങ്ങള്‍ക്ക് അതിനും ശാസ്ത്രീയ വഴികളുണ്ട്, ഗ്ലൂട്ടാത്തിയോണ്‍ ഇന്‍ജെക്ഷനാണ് പ്രധാനം. ഇത് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ എടുക്കേണ്ടി വരും. ഇതിനു പുറമേ ടാബ്‌ലെറ്റുകള്‍ ദിവസേന കഴിക്കാനും കൊടുക്കും. മെലാനിന്‍ കണ്ടന്റ് ബാലന്‍സ് ചെയ്യുകയാണ് ഇതിനു പിന്നിലെ ശാസ്ത്രം. അമ്പു കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്നു പറയും പോലെ ഈ ചികില്‍സാരീതി പരീക്ഷിക്കാത്ത അധികം താരങ്ങളില്ല .

മുടി വച്ചാലും പ്രശ്‌നം

തൂങ്ങിയ ചര്‍മം മുറുക്കിയെടുക്കുന്ന ടൈറ്റനിങ് ശസ്ത്രക്രിയയ്ക്കു വിദേശത്തു പോകുന്ന താരങ്ങളേറെയാണ്. പുരുഷതാരങ്ങള്‍ കഷണ്ടിയുടെ ചികില്‍സയ്ക്ക് ഗുളികളെ ആശ്രയിക്കുന്നതു പോലെ തന്നെ പ്രധാനമാണ് മീസോതെറപ്പി എന്ന ചികില്‍സ നടത്തുന്നത്. മുടി വീവ് ചെയ്യാന്‍ പലരും വിദേശത്തു പോകുന്നു. പക്ഷേ വീവ് ചെയ്ത മുടി കഴുകാന്‍ പ്രഫഷനലുകളുടെ സഹായം വേണം. വിദേശത്തെ കാലാവസ്ഥയ്ക്കു ചേരുന്ന രീതിയിലുള്ള വീവിങ് നടത്തുമ്പോള്‍ നാട്ടിലെ കാലാവസ്ഥ പ്രശ്‌നമായി മാറിയവരുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണിയും പ്രധാനമാണെന്നു ചുരുക്കം.

ചര്‍മം സംരക്ഷിക്കാനായി താരങ്ങള്‍ കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഹെയര്‍സ്‌റ്റൈലിസ്റ്റും മേക്കപ് ആര്‍ടിസ്റ്റുമായ അംബിക പിള്ള പറയുന്നു

”ഞാനൊരിക്കലും ഒരു സെലിബ്രിറ്റിക്കും കൃത്രിമരീതികള്‍ പറഞ്ഞുകൊടുക്കാറില്ല. ക്രീമുകള്‍ പോലും കഴിവതും പ്രകൃതിദത്തമാക്കാനേ ശ്രമിക്കാറുള്ളൂ. എന്നാലും ഒട്ടുമിക്ക താരങ്ങളും ഇത്തരം ശസ്ത്രക്രിയകളും കുത്തിവയ്പുകളും എടുക്കുന്നതു പതിവാണ്. ബോളിവുഡിലാണ് ഇതേറെയും. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ ഇത്തരം രീതികള്‍ക്ക് അഡിക്ട് ആകുന്നതാണ് പതിവ്.

പയ്യെപ്പയ്യെ പ്രായം പിടിച്ചുകെട്ടാന്‍ എളുപ്പവഴിയായി വിദേശത്തുപോയി ശസ്ത്രക്രിയകള്‍ക്കു വിധേയരാകുന്നതു ശീലമാക്കും. സ്‌കിന്‍ ഗ്രാഫ്റ്റിങ് പോലുള്ള കടന്ന കൈകളും തൂങ്ങിയ ചര്‍മം ലിഫ്റ്റ് ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകളും ദൂരവ്യാപകഫലങ്ങളുണ്ടാക്കും. ഇതുമൂലം കഷ്ടപ്പെടുന്ന പല താരങ്ങളെയും എനിക്കറിയാം.”

Leave a Reply

Your email address will not be published. Required fields are marked *