ആംബുലന്‍സ് നിഷേധിച്ചു; ഭാര്യക്ക് ഉന്തുവണ്ടിയില്‍ ദാരുണമരണം; തിരിച്ചും അതേ ഉന്തുവണ്ടിയിൽ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതർ

ഭാര്യയുടെ മൃതദേഹം തോളിലേറ്റി മകളുമായി പോകുന്ന മാഞ്ചിയുടെ കണ്ണീര്‍ചിത്രം ഹൃദയത്തില്‍ നിന്ന് മായുംമുന്‍പ് ഇന്ത്യക്ക് തലതാഴ്ത്താന്‍ ഇതാ മറ്റൊരു ദാരുണചിത്രം. ആരോഗ്യരംഗത്ത് കേരളം യുപിയെ മാതൃകയാക്കണമെന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നാണ് കൊടുംക്രൂരതയുടെ ഈ കാഴ്ച.

രോഗം മൂർച്ചിച്ച ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സഹായം അഭ്യർഥിച്ച ഭര്‍ത്താവിനോട് കിട്ടുന്ന വണ്ടിയിൽ ആശുപത്രിയിലെത്തിക്കാന്‍ ആശുപത്രി അധികൃതരുടെ മറുപടി. കൈയ്യിൽ കിട്ടിയ ഉന്തുവണ്ടിയിലാണ് അഞ്ച് കിലോമീറ്ററുകൾ താണ്ടി ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ വഴിമധ്യേ തന്നെ ഭാര്യ മരിച്ചു. ആശുപത്രിയിലെത്തിയപ്പോഴാണ് മരിച്ചവിവരം ഒപ്പമുള്ളവർ അറിയുന്നത്.

പിന്നെയും മൃതദേഹത്തോട് പോലും കനിവില്ലാതെയാണ് അധികൃതർ പെരുമാറിയത്. തിരിച്ചും അതേ ഉന്തുവണ്ടിയിൽ തന്നെ മൃതദേഹം കൊണ്ടുപോകാനാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

കൃത്യസമയത്ത് ചികിൽസ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്ന ഒരു ജീവനാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമായത്. യുപി മാൻപൂരി ജില്ലയിലെ മഹാരാജ ടെൽസിങ് ആശുപത്രിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഹതഭാഗ്യനായ ഈ മനുഷ്യന്‍ വീട്ടിലേക്ക് ഭാര്യയുടെ മൃതദേഹവുമായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. മുറിച്ചുമാറ്റിയ കാൽപാദം തന്നെ യുവാവിന് തലയിണയായി നൽകിയ സംഭവത്തിന് പിന്നാലെയാണ് യുപിയിൽ നിന്നും മറ്റൊരു ക്രൂരതയുടെ വാർത്തയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *