ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പുഴയില്‍ ചാടിയ യുവതി രണ്ടാം ദിവസം പൊങ്ങിയത് കാമുകന്‍റെ വീട്ടില്‍;ശക്തമായ ഒഴുക്കില്‍ നാട്ടുകാരും അഗ്‌നിശമനസേനയും തിരച്ചിലില്‍ നടത്തിയത് വെറുതെ

രാജകുമാരി: ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പുഴയില്‍ ചാടിയ യുവതിയെ രണ്ടാം ദിവസം കാമുകന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. യുവതിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും രണ്ടുദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു.

യുവതിയുടെ കാമുകന്‍ പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായര്‍ പുലര്‍ച്ചെ രണ്ടുമുതലാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍നിന്നും യുവതിയെ കാണാതായത്. ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. നെവിനും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. ഞായര്‍ ഉച്ചയോടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. വാല്‍വ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചില്‍ നടത്തിയത്.

ഏഴു മാസം മുന്‍പാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു മാസം മുന്‍പ് യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം മധുരയില്‍നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ കാണാതായത്.

താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ വീടിനകത്ത് ഊരിവച്ചിരുന്നു. ഇതാണ് പുഴയില്‍ ചാടിയതാകാമെന്ന സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നെവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കാമുകന്‍ നെവിനെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. ശാന്തമ്പാറ സിഐ ടിആര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *