ഇങ്ങനെയും ആരാധകരോ? ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ 12ാമനായി അറിയപ്പെടുന്ന ആരാധകര്‍ ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഇതിനോടകം തന്നെ ഇടം നേടിയതാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം സ്വന്തം തട്ടകത്തിലായാലും എതിര്‍ ടീമിന്റെ തട്ടകത്തിലായാലും ഗ്യാലറി മഞ്ഞക്കടലാകുമെന്ന് മുംബൈയുമായി ഇക്കഴിഞ്ഞ മത്സരത്തിലൂടെ തെളിയിച്ചതാണ്.

എന്നാല്‍, ഇതൊക്കെ ഫുട്‌ബോള്‍ ലോകത്ത് സാധാരണമാണെന്നിരിക്കെ മറ്റൊരു സംഭവമാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്ന ആരാധകനെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ തപ്പിക്കൊണ്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ഒരു അജ്ഞാത ആരാധകന്‍ വഴിപാട് നേര്‍ന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് ജയിംസ്, പ്രതിരോധ താരം റിനോ ആന്റോ, ടീമില്‍ പുതുതായി എത്തിയ കെസിറോണ്‍ കിസീറ്റോ, സൂപ്പര്‍ താരം സി.കെ.വിനീത്, ഗോള്‍കീപ്പര്‍ സുഭാഷിഷ് റോയ് എന്നിവരുടെ പേരിലാണ് വഴിപാട് നേര്‍ന്നിരിക്കുന്നത്. എല്ലാവര്‍ക്കും 10 രൂപയുടെ എണ്ണയാണ് വഴിപാടായി നേര്‍ന്നിരിക്കുന്നത്. എന്നാല്‍, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൂപ്പര്‍ താരമായി ഉയര്‍ന്ന ഡ്യൂഡിന് 20 രൂപയുടെ വഴിപാടാണ് അഞ്ജാത ആരാധകന്‍ നേര്‍ന്നിരിക്കുന്നത്.

മുംബൈയുമായുള്ള ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാംസ്ഥാനത്തേക്ക് എത്തി. ബുധനാഴ്ച ജംഷെഡ്പൂര്‍ എഫ്‌സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

Courtesy : SouthLive

Leave a Reply

Your email address will not be published. Required fields are marked *