നീ ഇതെങ്ങോട്ട് നോക്കി നില്‍ക്കുവാ? ബാറ്റിങ്ങിനിടെയില്‍ കലിപ്പടങ്ങാതെ ധോണി മനീഷ് പാണ്ഡെയോട് പൊട്ടിത്തെറിച്ചു (വീഡിയോ)

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യപ്റ്റന്‍മാരിലൊരാളാണ് മുന്‍ നായകനും നിലവിലെ ടീമിലെ മുതിര്‍ന്ന താരവുമായ എം.എസ് ധോണി. കളത്തിലെ സൗമ്യ സ്വഭാവത്തിന്റെ പേരില്‍ അദ്ദേഹത്തെ കായികലോകം വിശേഷിപ്പിക്കുന്നത് ക്യാപ്റ്റന്‍ കൂളെന്നാണ്. ഏത് പ്രതിസന്ധി ഘട്ടമായാലും പ്രകോപനരംഗമായാലും സഹതാരങ്ങളോടും എതിര്‍ താരങ്ങളോടും സൗമ്യത വിട്ട് ധോണി പെരുമാറാറില്ല.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ധോണിയുടെ മറ്റൊരു മുഖത്തിനാണ് ആരാധകരും സഹതാരം മനീഷ് പാണ്ഡെയും സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയ മനീഷ് പാണ്ഡെ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ അലംഭാവം കാട്ടിയതാണ് ധോണിയെ പ്രകോപിപ്പിച്ചത്.

ഇതോടെ മനീഷ്പാണ്ഡെയെ സ്‌ട്രൈക്കിങ്ങ് എന്‍ഡില്‍ നിന്നും ധോണി ചീത്ത വിളിക്കുകയും ചെയ്തു. ഇതിന്റെ ശബ്ദം സ്റ്റംപ് ക്യാമറയില്‍ പതിയുകയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. ദേഷ്യപ്പെട്ട് നില്‍ക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ‘നീ എങ്ങോട്ടാണ് നോക്കുന്നത്.. ഇവിടെ നോക്കൂ’ എന്നു പറഞ്ഞായിരുന്നു ധോണിയുടെ രോഷ പ്രകടനം.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ മനീഷ് പാണ്ഡെയുടെയും ധോണിയുടെയും ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 188 റണ്‍സാണ് നേടിയത്. എന്നാല്‍ പുതുമുഖ താരം ഹെന്റിച്ച് ക്ലാസന്റെയും ക്യാപ്റ്റന്‍ ജെ.പി ഡുമിനിയുടെയും മിന്നുന്ന ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 18 ാം ഓവറില്‍ തന്നെ ലക്ഷ്യം മറികടക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *