‘വിജയന് തറടിക്കറ്റ്, പ്രിയക്ക് വിവിഐപി ടിക്കറ്റ്’ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്ന അനാവശ്യപരിഗണനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് കഴിഞ്ഞ തവണ ഫൈനലില്‍ ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയ ഐഎസ്എല്‍ സംഘാടകരുടെ അവഗണ ഓര്‍മ്മിപ്പിച്ചാണ് സെലിബ്രിറ്റികളെ അമിതമായി പരിഗണിക്കുന്ന ഐഎസ്എല്‍ സംസ്‌കാരത്തിനെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കി ആഞ്ഞയിച്ച ഐഎസ്എല്‍ അധികൃതര്‍ മലയാളി ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ല.

മലയാളി ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും ജോപോള്‍ അഞ്ചേരിയും ആസിഫ് സഹീറും ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഒന്ന് പരിഗണിക്കാന്‍ പോലും തയ്യാറാകാത്ത സംഘാടകര്‍ സെലിബ്രിറ്റികളെ വലിയ തോതില്‍ പിന്തുണയ്ക്കുന്നു എന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആക്ഷേപം. ഇതിന് സാധൂകരണമേകുന്നതായിരുന്നു ഗ്യാലറിക്കാഴ്ച്ചകള്‍.

കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം നടക്കുന്നത് കാണാന്‍ സെലിബ്രിറ്റികളുടെ കുത്തൊഴുക്കായിരുന്നു. പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കളികാണാന്‍ എത്തിയിരുന്നു.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്‌സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം, 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *