ബ്ലാസ്‌റ്റേഴ്‌സ് തറടിക്കറ്റ് നല്‍കി അപമാനിച്ച വിജയന് അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ ഗോകുലം എഫ്‌സി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായ ഐഎം വിജയനെ ആദരിക്കാനൊരുങ്ങി ഗോകുലം കേരള എഫ്‌സി. ഗോകുലം എഫ്‌സിയുടെ അടുത്ത ഹോം മാച്ചിലാണ് കേരള ഫുട്‌ബോളിനും രാജ്യത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ താരങ്ങളെ ആദരിക്കുന്നത്.

ഗോകുലം കേരള എഫ്‌സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഐസ്എല്‍ മത്സരത്തില്‍ ഐഎം വിജയന് തറടിക്കറ്റ് നല്‍കി അപമാനിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേയും ഐഎസ്എല്‍ മാനേജ്‌മെന്റിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിജയന്‍ അടക്കമുള്ള പല പ്രമുഖ താരങ്ങള്‍ക്കും ഐഎസ്എല്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നില്ലെന്നാണ് വിമര്‍ശനം.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരത്തില്‍ പ്രിയ വാര്യര്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ മത്സരം കാണാന്‍ എത്തിയ സമയത്തും ഇതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മോഹന്‍ ബഗാനുമായാണ് ഗോകുലം ഏറ്റുമു്ട്ടാനൊരുങ്ങുന്നത്. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുള്ള മലബാറിയന്‍സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഈ മാസം അവസാനത്തോടെ നടക്കുന്ന സൂപ്പര്‍ കപ്പില്‍ നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ ആദ്യ ആറ് സ്ഥാനങ്ങളിലെത്തണം. മോഹൻ ബഗാനെ തോൽപ്പിച്ചാലും ചർച്ചിൽ ബ്രദേഴ്സ്, ഷില്ലോങ്ങ് എഫ്സി എന്നിവരുടെ മത്സര ഫലം കൂടി അനുകൂലമായാലേ സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനാകൂ.

അതേസമയം, കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ബഗാന് 16 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുണ്ട്. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഇവര്‍ക്ക് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ കിരീട പ്രതീക്ഷയുണ്ട്.

മോഹൻ ബഗാന്റെ ഇതിഹാസ താരങ്ങളിലൊരാളായ വിജയൻ മത്സരം കാണാനെത്തുന്നത് ഗോകുലം കേരളക്കും മത്സരത്തിനെത്തുന്ന കാണികൾക്കും മാത്രമല്ല, എതിരാളികളായ ബഗാനും ആവേശമുണർത്തുമെന്നുറപ്പ്. 1991 മുതൽ 1999 വരെ ബഗാനു വേണ്ടി പല സീസണുകളിലായി കളിച്ച വിജയൻ അറുപതോളം ഗോളുകൾ കൊൽക്കത്തൻ ക്ലബിനു വേണ്ടി നേടിയിട്ടുണ്ട്.

എന്തായാലും വൻ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്‌റ്റേഴ്സ് ചെയ്യാൻ മറക്കുന്ന കാര്യങ്ങൾ ഗോകുലം കേരള ചെയ്യുന്നതിൽ ഫുട്ബോൾ ആരാധകർക്ക് ആവേശത്തിലാണ്.

Courtesy : Southlive

Leave a Reply

Your email address will not be published. Required fields are marked *